Sunday, March 28, 2010

എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്നത് ജനങ്ങള്‍ കാത്തിരുന്ന ആശയം: ഇ അബൂബക്കര്‍

എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടിനെയും ആശയത്തെയും ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നുവെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. ഇന്നലെ പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്ന (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) എസ്.ഡി.പി.ഐ എറണാകുളം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകള്‍ കഴിഞ്ഞ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയിടത്തു തന്നെ നില്‍ക്കുമ്പോള്‍, എസ്.ഡി.പി.ഐ യുവത്വത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയായി ചുരുങ്ങിയ കാലംകൊണ്ടു വളര്‍ന്നു. മുസ്‌ലിം സമുദായവും ദലിത് സമുദായവും യോജിച്ച് ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കുമെന്നു കണ്ടപ്പോള്‍ സവര്‍ണമേലാളന്‍മാര്‍ രാജ്യത്തെ രണ്ടായി വിഭജിക്കുകയായിരുന്നു. പിന്നീട് അവരുടെ ഭരണം നഷ്ടപ്പെടുമെന്നു കണ്ടപ്പോള്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചു. ഹിന്ദുവും മുസല്‍മാനും രണ്ടാണെന്നു വരുത്തിത്തീര്‍ക്കാന്‍ ബാബരി മസ്ജിദ് തകര്‍ത്ത് രണ്ടാമതും ഇന്ത്യയെ വിഭജിച്ചു ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ സമുദായം അനാഥരാണ്. രാജ്യം ആരു ഭരിച്ചാലും ഒരു സവര്‍ണ ഹിന്ദുത്വവും കാണാന്‍ കഴിയും. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ വേണ്ടി മറ്റു രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വോട്ടു ചെയ്തിരുന്ന സമുദായം, പുതിയ ചേതനയും ഉണര്‍വിന്റെ മന്ത്രധ്വനികളുമായി കടന്നുവന്ന എസ്.ഡി.പി.ഐയില്‍ അണിചേരുന്നതു ജനങ്ങള്‍ മനസ്സിലാക്കിയതുകൊണ്ടാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സമിതിയംഗം യൂസുഫ് വയനാട്, ജില്ലാ നേതാക്കളായ പി പി മൊയ്തീന്‍ കുഞ്ഞ്, ഒ അലിയാര്‍, കെ ഐ ഹരി, നവാജ് ജാന്‍, വാഴക്കുളം ബ്ലോക്ക് സ്ഥാനാര്‍ഥി റഹ്മാ ബിവി സംസാരിച്ചു.

No comments:

Post a Comment