Wednesday, March 31, 2010

ജനകേരള യാത്ര: ഉദ്ഘാടനത്തിന് ഒരുക്കങ്ങളായി; അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ്ഓഫ് ചെയ്യും

കാസര്‍കോഡ്: എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജനകേരള യാത്രയുടെ ഉദ്ഘാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന സെക്രട്ടറി വി ടി ഇക്‌റാമുല്‍ഹഖ്് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യാത്ര നാളെ വൈകീട്ട് നാലിനു ഹൊസങ്കടിയില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറാണു ജാഥാ ക്യാപ്റ്റന്‍. മൂവാറ്റുപുഴ അശ്‌റഫ് മൗലവി വൈസ് ക്യാപ്റ്റനാണ്. ഉദ്ഘാടനസമ്മേളനത്തില്‍ എം.പിമാരായ നന്ദകിശോര്‍ യാദവ് (ഉത്തര്‍പ്രദേശ്), അമീര്‍ ആലംഖാന്‍ (ഉത്തര്‍പ്രദേശ്), ഡോ. ഇഅ്ജാസ് അലി (ബിഹാര്‍), സാബിര്‍ അലി (ബിഹാര്‍), കമാല്‍ അക്തര്‍ (ഉത്തര്‍പ്രദേശ്) മുഖ്യാതിഥികളായിരിക്കും. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി, പാര്‍ട്ടിയുടെ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് തുടങ്ങിയവര്‍ സംബന്ധിക്കും. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, ദലിത്-ആദിവാസി വേട്ട അവസാനിപ്പിക്കുക, ഭരണഘടനയിലെ സംവരണതത്വം പുനസ്ഥാപിക്കുക, പോലിസിന്റെ ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കുക, സേവനമേഖലകളില്‍ നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കുക തുടങ്ങിയ കാലികപ്രധാനമായ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണു യാത്ര നടത്തുന്നതെന്ന് ഇക്‌റാമുല്‍ഹഖ് പറഞ്ഞു. ജാഥയ്ക്കു 137 മണ്ഡലങ്ങളിലെ 227 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവുനാടകം സ്വീകരണകേന്ദ്രങ്ങളില്‍ അവതരിപ്പിക്കും. ഏപ്രില്‍ 24നു വൈകീട്ടു ജാഥ തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനം ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സമിതിയംഗം യൂസഫ് വയനാട്, കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് എം എ ഷാഫി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ യു അബ്ദുല്‍സലാം, ജില്ലാ സെക്രട്ടറി ടി ഐ ആസിഫ് എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment