Saturday, April 17, 2010

കൈയേറ്റം ചെയ്‌തോ എന്ന് അബ്ബാസലി തങ്ങള്‍ തന്നെ വ്യക്തമാക്കണം: മജീദ് ഫൈസി

മലപ്പുറം: ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ എസ്.കെ.എസ്.എസ്.എഫ് പൊതുയോഗത്തില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജന. സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ യുടെ വളര്‍ച്ച തടയിടുന്നതിനു ചില ദുഷ്ടശക്തികള്‍ പാണക്കാട് കുടുംബത്തെ കരുവാക്കുന്നതിനെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എസ്.ഡി.പി.ഐ നടത്തുന്ന ജനകേരളയാത്രയോടനുബന്ധിച്ചുള്ള സപ്ലിമെന്റ് വിതരണംചെയ്ത രണ്ടു പ്രവര്‍ത്തകരെ എസ്.കെ.എസ്.എസ്.എഫുകാര്‍ മര്‍ദ്ദിക്കുകയുണ്ടായി. ഇതിന്റെയടിസ്ഥാനത്തില്‍ എസ്.ഡി.പി.ഐ കൊടുത്ത കേസില്‍ ഏഴ് ലീഗ്-എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഈ സംഭവത്തെയാണ് അബ്ബാസലി തങ്ങള്‍ക്കെതിരേയുള്ള കൈയേറ്റമായി ചിത്രീകരിച്ചു പ്രചാരണം നടത്തുന്നത്. തങ്ങളെ കൈയേറ്റംചെയ്തതായി സംഘാടകര്‍ പോലിസില്‍ പരാതിനല്‍കിയിട്ടില്ല. പാണക്കാട് കുടുംബത്തിലെ ഒരാളെ കൈയേറ്റംചെയ്തതായി മലബാര്‍ ജില്ലകളില്‍ വ്യാജ പ്രചാരണം നടത്തി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് നടപടി അപലപനീയമാണ്. ഇതു ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനേ ഉപകരിക്കൂ. പാണക്കാട് കുടുംബത്തിന്റെ മഹത്വം ദുരുപയോഗപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഈ അവസരത്തില്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ തന്നെ നിജസ്ഥിതി വെളിപ്പെടുത്തണം- മജീദ് ഫൈസി ആവശ്യപ്പെട്ടു.എസ്.കെ.എസ്.എസ്.എഫ് എന്ന മതസംഘടന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ ശത്രുവായി കാണുകയും അതിനെതിരേ കുപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നതില്‍ ദുരൂഹതയുണ്ട്. യൂത്ത്‌ലീഗിലെ കെ എം ഷാജി വിഭാഗവും എസ്.കെ.എസ്.എസ്.എഫിലെ നാസര്‍ ഫൈസി കൂടത്തായിയുടെ വിഭാഗവും ഇന്റലിജന്‍സില്‍ നിന്നു പണംപറ്റി അവരവരുടെ സംഘടനകളെ ദുരുപയോഗംചെയ്യുകയാണ്. ഇന്റലിജന്‍സ് വിഭാഗത്തിനു വേണ്ടിയാണ് ഇവര്‍ ഈ പണിയെടുക്കുന്നതെന്നും ആവശ്യംവന്നാല്‍ തെളിയിക്കേണ്ടിടത്ത് ഇതു തെളിയിക്കുമെന്നും അദ്ദേ ഹം പറഞ്ഞു. ഫാഷിസ്റ്റ് സംഘടനയായ ബി.ജെ.പിയോടു കാണിക്കാത്ത വിരോധം എന്തിനാണ് എസ്.ഡി.പി.ഐയോടു കാണിക്കുന്നതെന്നു മനസ്സിലാവുന്നില്ല. മലബാറില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നവര്‍ സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ മണ്ണഞ്ചേരിയിലേക്കു പോവണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബഷീര്‍ വേങ്ങര, ജില്ലാ കമ്മിറ്റിയംഗം അഡ്വ. സാദിഖ് നടുത്തൊടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


എസ്.ഡി.പി.ഐ പ്രവര്‍ത്തകനു മര്‍ദ്ദനം: ഏഴു മുസ്‌ലിംലീഗുകാര്‍ക്കെതിരേ കേസ്
ആലപ്പുഴ: ജനകേരളയാത്രയുടെ സപ്ലിമെന്റ് വിതരണംചെയ്യുന്നതിനിടെ എസ്.ഡി.പി.ഐ  പ്രവര്‍ത്തകനെ മര്‍ദ്ദിച്ചവശനാക്കിയ സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്തംഗം ഉള്‍പ്പെടെ ഏഴു മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. മണ്ണഞ്ചേരി പൊന്നാട് കാരിക്കാശേരി സാജിദി(20)നെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് പ്രവര്‍ത്തകരായ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാംവാര്‍ഡ് അംഗം ചീയാംവെളിയില്‍ കണ്ടത്തില്‍ ടി എച്ച് നാസര്‍ (42), പാര്‍ത്ഥന്‍ കവല, തെക്കേമുറി ബഷീര്‍ (45), പൊന്നാട് മദ്‌റസാ അധ്യാപകനായ മുഹമ്മദലി ഹുദവി (25), കൂന്തലയ്ക്കല്‍ സഹില്‍ (22), നാലുതറയില്‍ ഇക്ബാല്‍ (42), പാരക്കാശ്ശേരില്‍ ഷെജി എന്നു വിളിക്കുന്ന ഷെജീര്‍ (22), മല്ലംവെളിയില്‍ ഇബ്രാഹിംകുട്ടി മുസ്‌ല്യാര്‍ (65) എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി 8.30ഓടെ മണ്ണഞ്ചേരി ജങ്ഷന് സമീപമായിരുന്നു സംഭവം. എസ്.കെ.എസ്.എസ്.എഫ് മജ്‌ലിസ് ഇന്‍തിസ്വാബ് നാഷനല്‍ ഡലിഗേറ്റ്‌സ് കാംപസിന്റെ സന്ദേശപ്രചാരണജാഥയ്ക്ക് മണ്ണഞ്ചേരിയില്‍ കഴിഞ്ഞദിവസം സ്വീകരണം നല്‍കിയിരുന്നു. പരിപാടി കഴിഞ്ഞശേഷം എസ്.ഡി.പി.ഐയുടെ ജനകേരളയാത്രയുടെ ലഘുലേഖയുമായി ഇവിടെ എത്തിയ സാജിദിന്റെ പക്കല്‍ നിന്നു ബഷീര്‍ ലഘുലേഖ പിടിച്ചുവാങ്ങി നശിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നു മറ്റു ലീഗ് പ്രവര്‍ത്തകരും എത്തി സാജിദിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാജിദിനെ പിന്നീട് മുഹമ്മ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ടാണ് ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെ ന്നും ഈ രീതി ഒരു പാര്‍ട്ടിക്കും ഭൂഷണമല്ലെന്നും എസ്.ഡി.പി.ഐ ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ടി എ നാസര്‍ കലവൂര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പ്രവര്‍ത്തകനെ ആക്രമിച്ചതിനുശേഷം എസ്.കെ.എസ്.എസ്.എഫ് നടത്തിയ യോഗത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടാനും സ്റ്റേജില്‍ കയറാനും ശ്രമിച്ചുവെന്ന നുണപ്രചാരണം ഒരു മതസംഘടനയ്ക്കു യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.



No comments:

Post a Comment