Friday, April 23, 2010

തിരിച്ചറിവിന്റെ സന്ദേശമായി എസ്.ഡി.പി.ഐ ജനകേരള യാത്ര

കൊല്ലം: തിരിച്ചറിവിന്റെ സന്ദേശം ജനഹൃദയങ്ങളില്‍ നിറച്ച് സോഷ്യല്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ജനകേരള യാത്രയ്ക്ക് ദേശിംഗനാട്ടില്‍ ഉജ്വല പരിസ്മാപ്തി. കഴിഞ്ഞ 21ന് ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയായ പത്തനാപുരത്ത് നിന്ന് ആരംഭിച്ച ജാഥ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി വിശാല സമ്മേളനത്തോടെ നിലമേലില്‍ സമാപിച്ചു.
അവര്‍ണന്റെ വിമോചന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ പുത്തന്‍നാമ്പുകള്‍ മുളപ്പിച്ച് മുന്നേറിയ ജാഥയ്ക്കു ജില്ലയിലുടനീളം ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ യാത്രയെ വരവേല്‍ക്കാന്‍ സ്ത്രീകളടക്കം ആയിരങ്ങളാണ് വഴിയോരങ്ങളില്‍ കടുത്ത ചൂട് അവഗണിച്ച് മണിക്കൂറുകളോളം നിലയുറപ്പിച്ചത്. മുഖ്യാധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈയൊഴിഞ്ഞ സാമൂഹികപ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് നിവേദനവുമായെത്തിയത് എസ്.ഡി.പി.ഐയുടെ ഇടം രാഷ്ട്രീയഭൂവില്‍ എന്താണെന്ന്് എതിരാളികള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു.
രാവിലെ ഒമ്പതിന് അയത്തില്‍ ജങ്ഷനില്‍ നിന്നാരംഭിച്ച ജാഥയ്ക്ക് ചന്ദനത്തോപ്പിലായിരുന്നു ആദ്യ സ്വീകരണം. എസ്.ഡി.പി.ഐയുടെ നക്ഷത്രാങ്കിത രക്ത-ഹരിത പതാകയില്‍ തീര്‍ത്ത യൂനിഫോം അണിഞ്ഞ പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരണ സ്ഥലത്തേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കി. ഒമ്പതു ശതമാനത്തില്‍ താഴെവരുന്ന സവര്‍ണ ബ്രാഹ്മണിസമാണ് 91 ശതമാനം വരുന്ന ജനതയെ ഭരിക്കുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ മോചകരെന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം വീമ്പു പറയുന്ന സി.പി.എം, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന എല്ലാ രാഷ്്ട്രീയ പാര്‍ട്ടികളെയും സവര്‍ണ മേലാളന്‍മാരാണ് നിയന്ത്രിക്കുന്നത്. സവര്‍ണര്‍ക്ക് വേണ്ടി കൊടിപിടിക്കുന്നതിനും ചാവേറുകളാവാനും വേണ്ടി മാത്രമാണ് അവര്‍ണരെ ഉപയോഗിക്കുന്നത്. ഈ സത്യം അടിസ്ഥാന വിഭാഗത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കലാണ് എസ്.ഡി.പി.ഐയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോല്‍ക്കളിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണു രണ്ടാമത്തെ സ്വീകരണ കേന്ദ്രമായ കണ്ണനല്ലൂരില്‍ ജാഥയെ വരവേറ്റത്. സ്വീകരണ സമ്മേളനം വീക്ഷിക്കുന്നതിനായി സ്ത്രീകള്‍ ഉള്‍െപ്പടെ നൂറുകണക്കിനു ജനങ്ങളാണു തടിച്ചുകൂടിയത്. സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായ വെളിച്ചിക്കാലയില്‍ ഖനനം മൂലം ഉണ്ടാവുന്ന പരിസ്ഥിതി പ്രശ്‌നം പരിഹരിക്കാന്‍ എസ്.ഡി.പി.ഐ ഇടപെടണമെന്ന ആവശ്യപ്പെട്ടു പരിസ്ഥിതി ഏകോപന സമിതി ജനറല്‍ സെക്രട്ടറിയും വെളിച്ചിക്കാല ആക്ഷന്‍ കൗണ്‍സില്‍ നേതാവുമായ ഓടനാവട്ടം വിജയപ്രകാശ് ജാഥാ ക്യാപ്റ്റന് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളും സമരഭൂമിയിലെത്തിയിട്ടും പരിഹരിക്കാനാകാത്ത പ്രശ്‌നം എസ്.ഡി.പി.ഐയെ കൊണ്ടു മാത്രമെ പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന വിശ്വാസമാണു പരിസ്ഥിതി പ്രവര്‍ത്തകരെ നിവേദനം നല്‍കാന്‍ പ്രേരിപ്പിച്ചത്.
അഞ്ചലില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ ജാഥാ സന്ദേശം നല്‍കി. അടിസ്ഥാന വിഭാഗത്തിന്റെ മോചനത്തിനായി രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന്് ജാഥാ ക്യാപ്റ്റനും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം കെ മനോജ്കുമാര്‍ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു. എക്കാലവും പിന്നാക്ക ന്യൂനപക്ഷങ്ങളുടെ ഐക്യപ്പെടല്‍ കുതന്ത്രങ്ങളിലൂടെ സവര്‍ണര്‍ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന അവര്‍ണ രാഷ്ട്രീയ മുന്നേറ്റം ഒരു ബ്രാഹ്മണിസത്തിനും തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങറ സമരത്തിന്റെ മുന്‍നിര നേതാവ് ഏരൂര്‍ അശോകന്‍ ഉള്‍പ്പെടെ നിരവധി ദലിത് നേതാക്കളാണ് ജാഥയെ കുളത്തൂപ്പുഴയില്‍ വരവേറ്റത്. എതിരാളികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന ഉജ്വല പ്രകടനത്തോടെയാണു കടയ്ക്കല്‍ ബസ് സ്റ്റാന്റിന് സമീപം സ്വീകരണ സമ്മേളനം നടന്നത്. 
സി.പി.എമ്മിന്റെയും പോലിസിന്റെയും ജാഥയ്‌ക്കെതിരേയുള്ള കുതന്ത്രങ്ങള്‍ക്കു മറുപടിയായി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി പേര്‍ പാര്‍ട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതു ശ്രദ്ധേയമായി. ചടയമംഗലത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി കെ രാധ ജാഥാ സന്ദേശം നല്‍കി. ജില്ലാ പ്രസിഡന്റ് അഡ്വ. നസീബ് എ റസാഖ് അധ്യക്ഷത വഹിച്ചു. നിലമേലില്‍ നടന്ന ജില്ലാ പര്യടന സമാപന സമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും ജാഥാ ഡയറക്ടറുമായ വി പി ഇക്‌റാമുല്‍ ഹഖ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മുവാറ്റുപുഴ അശ്‌റഫ് മൗലവി, പി കെ രാധ, ഖജാഞ്ചി എ എ ഷാഫി, സംസ്ഥാന സമിതിയംഗങ്ങളായ തുളസീധരന്‍ പള്ളിക്കല്‍, ഹാരിസ് വടകര, ജില്ലാ പ്രസിഡന്റ് അഡ്വ. നസീബ് എ റസാഖ്, ജനറല്‍ സെക്രട്ടറി എ കെ സലാഹുദ്ദീന്‍, ജില്ലാ സമിതിയംഗം ഹാജി കെ സലിം, ഡി.എച്ച്.ആര്‍.എം പ്രതിനിധികളായ സജി, രാഹുല്‍ സംസാരിച്ചു. ഡി.എച്ച്.ആര്‍.എമ്മിന്റെ നിരവധി പ്രവര്‍ത്തകരാണ് ജാഥയെ സ്വീകരിക്കാനായി സമാപന സമ്മേളന നഗരിയിലേക്കെത്തിയത്. ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.

 


No comments:

Post a Comment