Saturday, April 24, 2010

ജനകേരളയാത്രയ്ക്ക് രാഷ്ട്രീയകേരളത്തിന്റെ ഹൃദയഭൂമിയില്‍ ഉജ്വല പരിസമാപ്തി

തിരുവനന്തപുരം: പിന്നിട്ട പാതകളില്‍ ചരിത്രത്തിന്റെ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത് ജനമനസ്സുകളില്‍ ഇടംനേടിയ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്.ഡി.പി.ഐ)യുടെ ജനകേരളയാത്രയ്ക്കു സംസ്ഥാന രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ തിരുവനന്തപുരത്ത് ഉജ്വല പരിസമാപ്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും പുതുനിറം നല്‍കി കടന്നുവന്ന യാത്രയെ തലസ്ഥാനനഗരി ആവേശപൂര്‍വം നെഞ്ചിലേറ്റി.
ജാഥയ്ക്കു സമാപനം കുറിച്ച് വൈകീട്ട് അഞ്ചിനു പ്രസ്‌ക്ലബ് പരിസരത്തുനിന്നാരംഭിച്ച പടുകൂറ്റന്‍ പ്രകടനം നഗരത്തെ അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കി മാറ്റി. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ക്കു പിന്നില്‍ ചുവപ്പും പച്ചയും കലര്‍ന്ന നക്ഷത്രാങ്കിത പതാക വാനിലുയര്‍ത്തി ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അണിചേര്‍ന്നപ്പോള്‍ രാജനഗരത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആവേശകരമായ അധ്യായമായി അതു മാറി. മുന്നണിരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍ നഷ്ടസ്വപ്‌നങ്ങളുടെ മാറാപ്പു പേറാന്‍ വിധിക്കപ്പെട്ട അധഃസ്ഥിതവിഭാഗത്തിന്റെ ആത്മരോഷം മുദ്രാവാക്യങ്ങളായി അന്തരീക്ഷത്തില്‍ മുഴങ്ങി. അധികാരരാഷ്ട്രീയത്തിന്റെ ധാര്‍ഷ്ട്യം കലര്‍ന്ന പരുക്കന്‍ പ്രകടനങ്ങള്‍ മാത്രം കണ്ടുശീലിച്ച നഗരത്തിന് അച്ചടക്കവും പ്രതിപക്ഷബഹുമാനവുമുള്ള പുതിയൊരു രാഷ്ട്രീയശൈലിയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. വാദ്യമേളങ്ങളുടെ താളത്തിനൊത്തു നീങ്ങിയ പ്രകടനത്തിനു നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ അകമ്പടി സേവിച്ചു. കുരുന്നു ബാലികാബാലന്‍മാര്‍ അണിനിരന്ന സ്‌കേറ്റിങ് പ്രകടനം എം.ജി റോഡിന്റെ ഇരുവശവും തടിച്ചുകൂടിയ ആബാലവൃദ്ധം ജനങ്ങള്‍ക്കു കൗതുകക്കാഴ്ചയായി. 
ഈ മാസം രണ്ടിനു കാസര്‍കോട്ട് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസൈന്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്ത യാത്ര സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവേശോജ്വലമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണു തിരുവനന്തപുരത്തു സമാപിച്ചത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, വൈസ് പ്രസിഡന്റ് പി കെ ഗോപിനാഥന്‍, ജനറല്‍ സെക്രട്ടറിമാരായ എം കെ മനോജ്കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി, സെക്രട്ടറിമാരായ പി കെ രാധ, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, വി ടി ഇഖ്‌റാമുല്‍ ഹഖ്, ഖജാഞ്ചി എ എ ഷാഫി, സംസ്ഥാന സമിതി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. വെട്ടിമുറിച്ചകോട്ടയില്‍ നടന്ന സമാപനസമ്മേളനം പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.


No comments:

Post a Comment