Tuesday, April 20, 2010

മലയോര ജില്ലയുടെ മനസ് തൊട്ടറിഞ്ഞ് എസ്.ഡി.പി.ഐ ജനകേരള യാത്ര

പത്തനംതിട്ട: ജനഹൃദയങ്ങള്‍ കീഴടക്കി മലയോര ജില്ലയായ പത്തനംതിട്ടയില്‍ എത്തിയ എസ്.ഡി.പി.ഐ ജനനകേരള യാത്രയ്ക്ക് ആവശോജ്വലമായ സ്വീകരണം. ഗ്രാമങ്ങളുടെ ഹൃദയതുടിപ്പുകള്‍ ഏറ്റുവാങ്ങി കടന്നുപോയ ജാഥ മലയോര നിവാസികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. പുത്തന്‍ രാഷ്ട്രീയ ദിശാബോധം നല്‍കി അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത ജാഥയിലെ പ്രസംഗങ്ങളെല്ലാം നാട്ടുകാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും പുത്തനുണര്‍വ് നല്‍കി. മുഖ്യധാരാ രാഷ്രീയപ്പാര്‍ട്ടികള്‍ പറയാത്ത സത്യങ്ങള്‍ വിളിച്ചുപറയാന്‍ മുന്നോട്ടുവന്ന എസ്.ഡി.പി.ഐ ജനകേരള യാത്രയ്ക്ക് ഗ്രാമീണരുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചു. കടുത്ത വെയിലിനെ അവഗണിച്ച് ജനകേരളയാത്ര മുന്നോട്ട് വയ്ക്കുന്ന കാലിക പ്രസക്തമായ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാനായി യുവജനങ്ങളും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട വന്‍ ജനക്കൂട്ടം സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിയിരുന്നു.
ജാഥയുടെ പത്തനംതിട്ട പര്യടനത്തിന് തുടക്കം കുറിച്ചത് തിരുവല്ല പോസ്‌റ്റോഫീസ് ജങ്ഷനില്‍ നിന്നാണ്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാവിലെ ഒമ്പതിന് ജില്ലാ നേതാക്കള്‍ ജാഥയെ ആദ്യ സ്വീകരണ കേന്ദ്രമായ തിരുവല്ല കെ.എസ്.ആര്‍.ടി.സി ജങ്ഷനിലേക്ക് ആനയിച്ചു. ഇരുന്നുറോളം ബൈക്കുകളുടെയും അമ്പതില്‍പ്പരം മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടൊപ്പം വന്‍ ജനാവലി അണിനിരന്നാണ് ജാഥയെ സ്വീകരിച്ചാനയിച്ചത്. തിരുവല്ലയിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ജനകേരള യാത്ര പായിപ്പാട്, മല്ലപ്പള്ളി, വായ്പൂര്, കോട്ടാങ്ങല്‍, ചുങ്കപ്പാറ, ആലപ്ര, റാന്നി, കോന്നി, പത്തനംതിട്ട, പന്തളം എന്നിവിടങ്ങളില്‍ പര്യടനം നടത്തി.
വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ ജാഥാ ക്യാപ്ടന്‍ എം കെ മനോജ് കുമാര്‍, വൈസ് ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഫത്തഹുദീന്‍ റഷാദി, തുളസീധരന്‍ പള്ളിക്കല്‍ സംസാരിച്ചു. രാജ്യത്തെ അധികാരികള്‍ വരേണ്യവര്‍ഗത്തിന്റെ താല്‍പര്യം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു. ഏകീകൃത ഭരണത്തിലൂടെ രാജ്യത്ത് സാമൂഹ്യനീതി നടപ്പിലാക്കണം. ദലിതരേയും ആദിവാസികളേയും തങ്ങളുടെ അടിമത്വത്തില്‍ നിര്‍ത്താനായി അവര്‍ക്ക് സ്വന്തം സംഘടനകള്‍ ഉണ്ടാക്കിയ കേരളത്തിലെ രാഷ്ട്രീയ മേലാളന്‍മാര്‍ അതിലൂടെ അവരെ തമ്മിലടിപ്പിക്കുകയാണ്. എല്ലാ അനീതിയോടും രാജിയാവുന്ന ജനത്തിന്റെ മനസ്ഥിതി മാറണമെന്നും പുതിയൊരു കേരളത്തിന്റെ സൃഷ്ടിയാണ് ജനകേരളയാത്ര ലക്ഷ്യം വയ്്ക്കുന്നതെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
രാജ്യത്തിന്റെ പൊതുഖജനാവ് വികസനത്തിന്റെ പേരുപറഞ്ഞ് കൊള്ളയടിക്കാനാണ് മുഖ്യാധാര പാര്‍ട്ടിയിലെ ചില നേതാക്കള്‍ ശ്രമിക്കുന്നതെന്ന് സംസ്ഥാന സമിതിയംഗം തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. അടിസ്ഥാന വര്‍ഗത്തിന്റെ ക്ഷേമം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുവന്ന സി.പി.എം ടാറ്റ, ഹാരിസണ്‍ എന്നീ കുത്തക മുതലാളിമാരുടെ ആശ്രിതരായി. സംവരണത്തിന്റെ കാര്യത്തിലും രാജ്യത്ത് രണ്ടുതരം നീതിയാണ് നടപ്പിലാക്കുന്നത്്. ശബരിമലയില്‍ പോലും താന്ത്രിക വിദ്യകള്‍ സവര്‍ണരായ ബ്രാഹ്മണര്‍ കുത്തകയാക്കി വച്ചിരിക്കുകയാണ്. അധികാര കേന്ദ്രങ്ങളില്‍ സവര്‍ണര്‍ അടയിരിക്കുന്നു. എന്തുകൊണ്ട് അവര്‍ണ വര്‍ഗത്തിന് അധികാര മേഖലയില്‍ കടന്നുവന്നുകൂടാ. അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ മോചനമാണ് എസ്.ഡി.പി.ഐ ലക്ഷ്യം വയ്ക്കുന്നതെന്ന് തുളസീധരന്‍ പറഞ്ഞു.
ഐ.പി.എല്‍ ക്രിക്കറ്റ് വിവാദത്തിലൂടെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ വഴി തിരിച്ചുവിട്ടുകൊണ്ട് സവര്‍ണ വര്‍ഗം അവരുടെ ഹിഡണ്‍ അജണ്ടകള്‍ നടപ്പിലാക്കുകയാണെന്ന് സംസ്ഥാന കമ്മിറ്റിയംഗം ഫത്തഹുദീന്‍ റഷാദി പറഞ്ഞു. ഭരണവര്‍ഗം നമ്മുടെ രാജ്യത്തെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നമല്ലാതായി. ഐ.പി.എല്ലില്‍ കൊച്ചി ആസ്ഥാനമായുള്ള ടീമിന്റെ വരവും കാത്തിരിക്കുകയാണ് അവര്‍. കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഇവിടെ കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ അവരുടെ സാമ്പത്തിക സ്രോതസുകള്‍ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇത്തരത്തിലുള്ള ശ്രമങ്ങളാണ് ഐ.പി.എല്ലിന് പിന്നിലുള്ളതെന്നും ഫത്തഹുദീന്‍ റഷാദി പറഞ്ഞു.
ജാഥയുടെ പത്തനംതിട്ടയിലെ പര്യടനത്തിനിടെ ജാഥാ ക്യാപ്ടന്‍ എം കെ മനോജ് കുമാര്‍ ചെങ്ങറ സമരനേതാവ് ളാഹ ഗോപാലനെ സന്ദര്‍ശിച്ചു. ചെങ്ങറ സമരത്തിന്റെ വിജയത്തിന് സാധുജന വിമോജന സംയുക്ത വേദി മുന്നോട്ടുവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.ഡി.പി.ഐയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. എസ്.ഡി.പി.ഐ ജനകേരള യാത്ര ലക്ഷ്യം വയ്ക്കുന്ന ആശയങ്ങള്‍ അടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ മനോജ് കുമാര്‍, ളാഹ ഗോപാലന് നല്‍കി.
രാത്രി ഏഴിന് അടൂരില്‍ നടന്ന പൊതുസമ്മേളനത്തോടെ ജനകേരളയാത്രയുടെ ജില്ലയിലെ പര്യടനം സമാപിച്ചു. പൊതുസമ്മേളനം എസ്.ഡി.പി.ഐ മണിപ്പൂര്‍ സംസ്ഥാന സെക്രട്ടറി റഫീജുദ്ദീന്‍ ഷാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്ടന്‍ എം കെ മനോജ് കുമാര്‍, വൈസ് ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാന സമിതി അംഗങ്ങളായ ഫത്തഹുദീന്‍ റഷാദി, തുളസീധരന്‍ പള്ളിക്കല്‍, ജില്ലാ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സെക്രട്ടറി മന്‍സൂര്‍ സംസാരിച്ചു.


ഫോട്ടോ:
ജാഥാ ക്യാപ്ടന്‍ മനോജ് കുമാര്‍ ചെങ്ങറ സമരനേതാവ് ളാഹ ഗോപാലന് ജനകേരള യാത്രയുടെ സന്ദേശമടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്നു

No comments:

Post a Comment