Saturday, April 24, 2010

പോരാട്ടഭൂമിക്ക് വിപ്ലവച്ചൂടേകി ജനകേരളയാത്ര അനന്തപുരിയില്‍

തിരുവനന്തപുരം: കനത്ത വേനല്‍ച്ചൂടിനെ യുവത്വത്തിന്റെ വിപ്ലവവീര്യംകൊണ്ടു മറികടന്ന എസ്.ഡി.പി.ഐയുടെ ജനകേരളയാത്രയെ രാജവാഴ്ചയുടെ പഴമയും ബ്രിട്ടീഷ് മര്‍ദ്ദനത്തിന്റെ ഓര്‍മകളും പേറുന്ന തലസ്ഥാനജില്ല ആവേശത്തോടെ വരവേറ്റു. ആദ്യ സ്വീകരണകേന്ദ്രമായ പാങ്ങോട്ട് നൂറുകണക്കിന് കാഡര്‍മാര്‍ കൊടുംചുടിനെ വകവയ്ക്കാതെ കൈകള്‍ വാനിലുയര്‍ത്തി അഭിവാദ്യങ്ങളോടെയാണ് യാത്രയുടെ ക്യാപ്റ്റന്‍ എം കെ മനോജ് കുമാറിനെയും സംഘത്തെയും വരവേറ്റത്. മല്‍സ്യത്തൊഴിലാളികളും ഓട്ടോറിക്ഷക്കാരും കര്‍ഷകരുമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പണിയെടുക്കുന്ന നൂറുകണക്കിനു പേരാണ് യാത്രയെ വരവേല്‍ക്കാന്‍ പാങ്ങോട്ട് തടിച്ചുകൂടിയത്. നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രവര്‍ത്തകരും ജൂനിയര്‍ ഫ്രണ്ടിലെ കുട്ടികളും യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ സ്വീകരണവേദിയില്‍ നേരത്തേ എത്തിയിരുന്നു. അധികാരത്തിന്റെ ഇടനാഴികളില്‍ എല്ലാകാലത്തും കടിച്ചുതൂങ്ങിക്കിടന്ന പാരമ്പര്യമുള്ള സവര്‍ണതമ്പുരാക്കന്‍മാരുടെ കോട്ടകളെ വിറപ്പിക്കാന്‍ പാകമുള്ളതായിരുന്നു സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ജനകേരളയാത്ര. ഒരു ദിനം ഒരുനേരം പോലും ഭക്ഷിക്കാനില്ലാത്തവന്റെ മോചനവും ഫാഷിസ്റ്റ് ശക്തികളുടെ ഭയപ്പെടുത്തലുകളില്‍നിന്നുള്ള മോചനവും കേവല സങ്കല്‍പ്പ—മല്ല, യാഥാര്‍ഥ്യമാവുമെന്ന് തെളിയിക്കുന്നതായിരുന്നു ജാഥയിലെ ജനപങ്കാളിത്തം. കേവലം 12 ശതമാനം വരുന്ന മുന്നാക്ക നായര്‍സമുദായത്തിന്റെ ആശങ്കയകറ്റുന്നതിനുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചതെന്നു ജാഥാ ക്യാപ്റ്റന്‍ മനോജ് കുമാര്‍ പറഞ്ഞു. എന്നാല്‍, ചെങ്ങറയില്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസി-ദലിത് സമരത്തെ തുരങ്കംവയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാഥയില്‍ നൂറുകണക്കിനു വാഹനങ്ങള്‍ അകമ്പടി സേവിച്ചു. സ്വീകരണയോഗങ്ങള്‍ക്കു മുന്നോടിയായി ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് നിരവധി പേര്‍ അണിനിരന്ന പ്രകടനം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. പ്രകടനത്തിനൊപ്പം ദഫ്മുട്ട്, കോല്‍ക്കളി, പഞ്ചാരിമേളം എന്നിവയുണ്ടായിരുന്നു. പാങ്ങോട്, കിളിമാനൂര്‍, കല്ലമ്പലം, ആറ്റിങ്ങല്‍, കണിയാപുരം, പോത്തന്‍കോട്, വെമ്പായം, നെടുമങ്ങാട്, തൊളിക്കോട്, കാട്ടാക്കട എന്നിവിടങ്ങളില്‍ യാത്രയ്ക്കു സ്വീകരണം നല്‍കി. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസ്ഥാന സെക്രട്ടറി പി കെ രാധ, സംസ്ഥാനസമിതിയംഗം പള്ളിക്കല്‍ തുളസീധരന്‍, നൗഷാദ് തൊടുപുഴ, കാഞ്ചിയാര്‍ പീതാംബരന്‍, എ കെ അബ്ദുല്‍ മജീദ്, കടക്കല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. ജാഥാ ഡയറക്ടര്‍ വി ടി ഇഖ്‌റാമുല്‍ ഹഖ്, സംസ്ഥാന ഖജാഞ്ചി എ എ ഷാഫി, ഹാരിസ് വടകര, ജില്ലാ പ്രസിഡന്റ് എം എ ഹമീദ്, വൈസ് പ്രസിഡന്റ് ഇബ്രാഹീം കുട്ടി, ജനറല്‍ സെക്രട്ടറി കുന്നില്‍ ഷാജഹാന്‍, സെക്രട്ടറി അഡ്വ. പിരപ്പന്‍കോട് ഷാജഹാന്‍, ജില്ലാ വര്‍ക്കിങ് സെക്രട്ടറി കരമന റസാഖ്, ഖജാഞ്ചി വേലുശ്ശേരി അബ്ദുല്‍ സലാം, ജില്ലാകമ്മിറ്റിയംഗങ്ങളായ കല്ലമ്പലം നസീര്‍, വെഞ്ഞാറമൂട് ഷാജഹാന്‍, യഹ്‌യ പാങ്ങോട്, യഹ്‌യ സംബന്ധിച്ചു.

No comments:

Post a Comment