Monday, April 26, 2010

രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്പര്‍ക്ക കാലത്ത്

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിത് സമ്പര്‍ക്ക സീസണ്‍. സി.പി.എം ജയില്‍ സമ്പര്‍ക്കവും മുസ്‌ലിംലീഗുകാര്‍ ഗൃഹസമ്പര്‍ക്കവും കഴിഞ്ഞ ക്ഷീണത്തിലാണ്. വനിതാ ബില്ലിനു പിന്നാലെത്തന്നെ കൂടി കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കുമാവട്ടെ, സ്ത്രീസമ്പര്‍ക്കത്തോടായിരുന്നു പ്രിയം. ഇവര്‍ക്കിടയിലേക്കാണ് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെന്ന നവജാതശിശു ജനസമ്പര്‍ക്ക യാത്രയുമായി വന്നത്. യാത്ര കാസര്‍കോട്ടു നിന്ന് ആരംഭിച്ചപ്പോള്‍, എന്‍.ഡി.എഫുകാര്‍ ഒരുമ്പെട്ടിറങ്ങിയിട്ടുണ്ടെന്നും എവിടെയൊക്കെ ചോരപ്പുഴകളുണ്ടായി അറബിക്കടലില്‍ പതിക്കുന്നുവെന്നത് കാത്തിരുന്നു കാണാമെന്നും പറഞ്ഞ് കാത്തിരുന്ന ഇന്ത്യാവിഷന്‍ ചാനലിലെ വാരാന്ത്യവക്കീല്‍ (ഞായറാഴ്ചവക്കീലല്ല) നിരാശനായോ എന്നറിയില്ല. ഏതായാലും ജനകേരളയാത്രയ്ക്കും, ആദ്യദിനം കനത്ത മഴ മൂലം സ്‌റ്റേജ് തകര്‍ന്നതൊഴിച്ചാല്‍ എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട്ട് നടത്തിയ മജ്‌ലിസ് ഇന്‍തിസ്വാബിനും ശുഭപര്യവസാനമുണ്ടായതില്‍ കണ്ണന്‍ തീര്‍ത്തും ഹാപ്പിയാണ്. പക്ഷേ, ഇതിനിടയില്‍ എസ്.കെ.എസ്.എസ്.എഫിന്റെയും എസ്.ഡി.പി.ഐയുടെയും നേതാക്കള്‍ തമ്മിലുണ്ടായ വാക്‌യുദ്ധങ്ങള്‍ കേരളം ശ്രദ്ധിച്ചു. പാണക്കാട് പൂക്കോയ തങ്ങളുടെ മകനും ശിഹാബ് തങ്ങളുടെ ഇളയ സഹോദരനുമായ അബ്ബാസലി തങ്ങളെ ആലപ്പുഴയിലെ മണ്ണഞ്ചേരിയില്‍ വച്ച് എസ്.ഡി.പി.ഐക്കാര്‍ കൈയേറ്റം ചെയ്തത്രേ. കൈയേറ്റം ചെയ്‌തെന്ന് ഉറപ്പാണോ എന്നു ചോദിച്ചപ്പോള്‍ 'ഇല്ല, അതിനു ശ്രമിച്ചു'വെന്നായി. ഓഹോ, അങ്ങനെയോ എന്നുകൂടി ചോദിച്ചപ്പോള്‍ 'ഇല്ല, തടഞ്ഞുവച്ചതേയുള്ളൂ' എന്നായി. ഒരുവട്ടം കൂടി ചോദിച്ചാല്‍ എന്തായിരിക്കും ഇവരുടെ മറുപടിയെന്നു കാത്തിരിക്കാനുള്ള ക്ഷമ കാട്ടാതെ, അബ്ബാസലി തങ്ങള്‍ തന്നെ അക്കാര്യം വ്യക്തമാക്കട്ടെ എന്ന് എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. ഇതോടെ, (അദ്ദേഹം സത്യം പറയും എന്നുറപ്പുള്ളതിനാലോ എന്തോ) പാണക്കാട് കുടുംബത്തോട് വിശദീകരണം ചോദിക്കാന്‍ ഈ പാര്‍ട്ടി വളര്‍ന്നിട്ടില്ലെന്നുംപറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു ചില ഉസ്താദുമാര്‍.എസ്.ഡി.പി.ഐ വളര്‍ന്നിട്ടില്ലെന്ന പ്രസ്താവന ശരിയാണെന്ന അഭിപ്രായം കണ്ണനുമുണ്ട്. അവര്‍ പിച്ചവച്ചു തുടങ്ങിയിട്ടല്ലേയുള്ളൂ. ഇനിയും ധാരാളം സമയമുണ്ട്. പാണക്കാടിനോടുള്ള ബഹുമാനം ആത്മാര്‍ഥമാണെങ്കില്‍, എസ്.ഡി.പി.ഐ പിരിച്ചുവിടാനാണ് ഉസ്താദുമാരുടെ ആഹ്വാനം. എങ്കില്‍പ്പിന്നെ കേരളത്തില്‍ ഒരു പാര്‍ട്ടിയും കാണില്ല കെട്ടോ. കോണ്‍ഗ്രസ് മുതല്‍ ബി.ജെ.പി വരെ ഈ കുടുംബത്തെ ആദരിക്കുന്നവരാണ്. ബാബരി മസ്ജിദ് തല്ലിത്തകര്‍ക്കുകയും ഗുജറാത്തില്‍ ആയിരക്കണക്കിനു മുസ്‌ലിംകളെ ചുട്ടെരിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നേതാവായ പി എസ് ശ്രീധരന്‍പിള്ളയെ സൗഹാര്‍ദ പ്രതിനിധിയായി നിരന്തരം പരിപാടികളില്‍ പങ്കെടുപ്പിക്കാറുണ്ട് നമ്മുടെ ഉസ്താദുമാര്‍. ബി.ജെ.പിയേക്കാളും ആര്‍.എസ്.എസിനേക്കാളുമൊക്കെ ഭീകരമാണോ ഉസ്താദേ, ഈ എസ്.ഡി.പി.ഐ? മതേതര-ജനാധിപത്യ മാര്‍ഗം അവലംബിക്കാനാണ് അവര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചതെങ്കില്‍ പേരില്‍ത്തന്നെ ഡമോക്രാറ്റിക്കും എം കെ മനോജ്കുമാറും അബ്ദുല്‍ മജീദ് ഫൈസിയും പി കെ രാധയുമെല്ലാം നേതൃത്വം കൊടുക്കുന്നതുമായ ഈ പാര്‍ട്ടിയെ വര്‍ഗീയ-തീവ്രവാദ സംഘടനയായി കാണേണ്ടതില്ലെന്നാണ് തോന്നുന്നത്. മഞ്ചേരിക്കാരനായ മജീദ് ഫൈസി മണ്ണഞ്ചേരിയെപ്പറ്റി പ്രസ്താവന നടത്തിയപ്പോള്‍, എസ്.കെ.എസ്.എസ്.എഫിന്റെയും യൂത്ത്‌ലീഗിന്റെയും നേതൃത്വത്തിലിരിക്കുന്ന ചിലര്‍ ഇന്റലിജന്‍സിനു വേണ്ടി പണിയെടുക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണം കൂടി ഉന്നയിച്ചിട്ടുണ്ട്. അതിനു ചുട്ട മറുപടി കൊടുക്കുക തന്നെ വേണം. പോപുലര്‍ ഫ്രണ്ടിനെയാണ് മതസംഘടനകള്‍ എതിര്‍ക്കുന്നതെങ്കില്‍ ഓകെ. ഇതിപ്പോ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ പിരിച്ചുവിടാന്‍ പറയുന്നതെന്തിനാണെന്നാണ് മനസ്സിലാവാത്തത്. അതൊരുപക്ഷേ, ഇവരെയൊക്കെപ്പോലെ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്നു ഫൈസി ബിരുദം നേടിയൊരാള്‍ ഒരു പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതുമൊക്കെ സഹിക്കാഞ്ഞിട്ടാവാമെന്നാണ് പലരുടെയും സംശയം. അസൂയ കുറ്റമാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരായതിനാല്‍ ഇവരുടെ പ്രശ്‌നം അതാവാന്‍ തരമില്ല.

കണ്ണേറ്- തേജസ്(26-04-10)

1 comment: