പടിഞ്ഞാറങ്ങാടി(പാലക്കാട്): കേരളീയ പൊതുസമൂഹത്തിന്റെ സാമൂഹികപരിവര്‍ത്തനത്തിന് നെടുനായകത്വം നല്‍കിയ വി ടി ഭട്ടതിരിപ്പാടിന്റെ കര്‍മ്മപഥമായിരുന്ന തൃത്താലയില്‍ നിന്നുമാണ് എസ്.ഡി.പി.ഐയുടെ ഒമ്പതാം ദിവസത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. സവര്‍ണസമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ ആ മഹാരഥന്റെ ജന്മഭൂമിയില്‍ നിന്നും അവര്‍ണ രാഷ്ട്രീയത്തിന്റെ ഗാഥകളുമായി യാത്ര ആരംഭിച്ചത് നിമിത്തമായി. ഭട്ടതിരിപ്പാട് ഉഴുതുമറിച്ച മണ്ണില്‍ പുത്തന്‍ രാഷ്ട്രീയം ആഴത്തില്‍ വേരൂന്നിയതിന്റെ സൂചനകളായിരുന്നു സ്വീകരണകേന്ദ്രങ്ങളിലെ വലിയ ജനക്കൂട്ടവും ജാഥയിലെ യുവജനപങ്കാളിത്തവും.
രാവിലെ പാലക്കാടിന്റെ ജില്ലാ അതിര്‍ത്തിയായ നീലിയാട്ടില്‍ വച്ച് ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാറിനെ എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ എഫ് ഖാജാഹുസൈന്‍ ഹാരമണിയിച്ച് സ്വീകരിച്ചതോടെയാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ജില്ലയിലെ യാത്രയുടെ പര്യടനത്തിന് തുടക്കം കുറിച്ചത്. വൈസ് ക്യാപ്റ്റന്‍ മുവാറ്റുപുഴ അഷ്‌റഫ് മൗലവി, സംസ്ഥാനസമിതി അംഗങ്ങളായ തുളസീധരന്‍ പള്ളിക്കല്‍, യൂസഫ് വയനാട് എന്നിവര്‍ക്ക് പുറമെ ജില്ലാ പ്രസിഡന്റ് ഖാജാഹുസൈന്‍, ജനറല്‍ സെക്രട്ടറി അഡ്വ.കെ പി നൗഫല്‍, സെക്രട്ടറി ഹമീദ് കൈപ്പുറം, ജോ.സെക്രട്ടറി ഖാലിദ് പനമണ്ണ, ജില്ലാ സമിതി അംഗങ്ങളായ അബ്ദുല്‍നാസര്‍ മണ്ണാര്‍ക്കാട്, യൂസഫ് പട്ടാമ്പി, ഷൗക്കത്ത് കാരക്കാട്, മുഹമ്മദലി കൂറ്റനാട്, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എം ജലീല്‍, സെക്രട്ടറി അസീസ് മൗലവി തുടങ്ങിയവരും ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു.
250 ബൈക്കുകളിലും 50 കാറുകളിലും 25 ഓട്ടോറിക്ഷകളിലുമായി വലിയൊരു ജനക്കൂട്ടം തന്നെ ജാഥയെ അനുഗമിച്ചിരുന്നു. പാലക്കാട്ടെ കടുത്ത ചൂടിനെ അവഗണിച്ച് സ്വീകരണകേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടമെത്തി. പടിഞ്ഞാറങ്ങാടിയിലെ ആദ്യസ്വീകരണയോഗത്തില്‍ പി കെ ഇസ്മയില്‍, സി മുഹമ്മദ്കുട്ടി സംസാരിച്ചു. കൂറ്റനാടായിരുന്നു രണ്ടാമത്തെ സ്വീകരണം. ഇസ്മയില്‍ ഇരുമ്പകശേരി, മാനുപ്പ എന്നിവര്‍ സംസാരിച്ചു. കൂറ്റനാട് അന്യാധീനപ്പെടുകയും കയ്യേറുകയും ചെയ്ത ടിപ്പുസുല്‍ത്താന്റെ കോട്ട പുരാവസ്തുവകുപ്പിനെ കൊണ്ട് ഏറ്റെടുത്ത് സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ ജാഥാക്യാപ്റ്റന്‍ മനോജ്കുമാറിന് നിവേദനം നല്‍കി. ഇക്കാര്യത്തില്‍ എസ്.ഡി.പി.ഐ സത്വരനടപടികള്‍ കൈക്കൊള്ളുമെന്ന് സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
പട്ടാമ്പിയിലെ സ്വീകരണയോഗം പ്രവര്‍ത്തകരുടെ ആവേശകരമായിരുന്നു. നേതാക്കളെ മേലെ പട്ടാമ്പിയിലേക്ക് അവര്‍ ദഫ് മുട്ടിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ ആനയിച്ചു. ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണയോഗത്തില്‍ ബീരാന്‍ ഹാജി, മുഹമ്മദ്കുട്ടി പട്ടാമ്പി സംസാരിച്ചു.
ജാഥാസന്ദേശം നല്‍കിയ വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്റെ വീണെ്ടടുപ്പിനും അതിന്റെ യഥാര്‍ഥ അവകാശികള്‍ക്ക് അധികാരം ഏല്‍പ്പിച്ചുകൊടുക്കുന്നതിനും വേണ്ടിയാണ് ഈ പുത്തന്‍ പടപ്പുറപ്പാടെന്ന് പറഞ്ഞു. ഓങ്ങല്ലൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ മുഹമ്മദ് കുട്ടി പാടപ്പുറം, ലത്തീഫ് ദാരിമി സംസാരിച്ചു. മുഖ്യപ്രഭാഷണം നടത്തിയ തുളസീധരന്‍ പള്ളിക്കല്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള യുദ്ധപ്രഖ്യാപനമാണ് കേരളയാത്രയെന്ന് ചൂണ്ടിക്കാട്ടി. ദലിത് പിന്നാക്ക ന്യൂനപക്ഷങ്ങളോട് യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാറുകളാണ് കേന്ദ്രവും സംസ്ഥാനവും ഭരിച്ചുകൊണ്ടിരിക്കുന്നത്. ഇ എം എസ് സര്‍ക്കാറിന്റെ ഭൂപരിഷ്‌കരണം കടുത്ത വഞ്ചനയായിരുന്നു. ജന്മിമാരായിരുന്നു അതിന്റെ ഗുണഭോക്താക്കള്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പോസ്റ്റര്‍ ഒട്ടിക്കാനും രക്തസാക്ഷികളാകാനും ചാവേറുകളാകാനും മാത്രമാണ് ദലിതന്റെ വിധി- അദ്ദേഹം പറഞ്ഞു. ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരണയോഗത്തില്‍ ഖാലിദ് പനമണ്ണ, മുഹമ്മദലി മൗലവി സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ച ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍ ഇന്ത്യാരാജ്യത്തെ അടിസ്ഥാനജന വിഭാഗങ്ങളുടെ മോചനത്തിന് വേണ്ടി പുതിയൊരു സാമൂഹ്യനീതി പ്രസ്ഥാനം ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് എസ്.ഡി.പി.ഐ രൂപീകരിച്ചതെന്ന് പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ നടന്ന കേരളത്തിലെ അഞ്ച് ലോക്കപ്പ് മരണങ്ങളിലും ദലിതരാണ് മരിച്ചത്. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് വേണ്ടി പാര്‍ട്ടി പ്രക്ഷോഭം ആരംഭിക്കും. ഷീലവധക്കേസിലെ സമ്പത്തിന്റെ മരണത്തിന് പിന്നിലെ ഭരണകൂട ഭീകരത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട് ആശുപത്രിപ്പടിയില്‍ നടന്ന സ്വീകരണയോഗത്തില്‍ ഷാജഹാന്‍ അലനല്ലൂര്‍, ഉമ്മര്‍ മൗലവി കൊടക്കാട് സംസാരിച്ചു. പാലക്കാട് മഞ്ഞക്കുളം പള്ളിക്ക് സമീപം പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയും ജനകേരളയാത്രയുടെ ജില്ലയിലെ ഒന്നാം ദിവസത്തെ പര്യടനം സമാപിച്ചു. ഇന്ന് രാവിലെ 8.30ന് ഒലവക്കോട് നിന്നും ആരംഭിക്കുന്ന യാത്ര കൊഴിഞ്ഞാമ്പാറ, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, ഒറ്റാലം തുടങ്ങിയിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഷൊര്‍ണൂരില്‍ സമാപിക്കും. സമാപന പൊതുസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ദേശീയ വക്താവ് പ്രഫ.പി കോയ മുഖ്യാതിഥിയായിരിക്കും.
No comments:
Post a Comment