Sunday, April 11, 2010

എസ്.ഡി.പി.ഐയുടെ വളര്‍ച്ച ആര്‍ക്കും തടയാനാവില്ല: അബ്ദുല്‍ ഹമീദ് അലിയാസ് ബിലാല്‍

പാലക്കാട്: എസ്.ഡി.പി.ഐയുടെ വളര്‍ച്ച തടയാന്‍ ആര്‍ക്കുമാവില്ലെന്നും വരുന്ന 20വര്‍ഷം കൊണ്ട് കേന്ദ്രത്തിലെ അധികാരം കൈയ്യാളുന്ന പാര്‍ട്ടിയായി എസ്.ഡി.പി.ഐ മാറുമെന്നും എസ്.ഡി.പി.ഐ തമിഴ്‌നാട് സംസ്ഥാന വൈസ്പ്രസിഡന്റ് അബ്ദുല്‍ ഹമീദ് അലിയാസ് ബിലാല്‍. ജനകേരള യാത്രയുടെ പാലക്കാട് ജില്ലാ സമാപന സമ്മേളനം മഞ്ഞക്കുളത്ത് (മയിലമ്മനഗറില്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു പാര്‍ട്ടിക്കാര്‍ മെമ്പര്‍ഷിപ്പുമായി ജനങ്ങളുടെ പിന്നാലെ പോവുമ്പോള്‍, എസ്.ഡി.പി.ഐയില്‍ അണിചേരാന്‍ ജനങ്ങള്‍ ഇങ്ങോട്ടാണ് വരുന്നത്. ഈയടുത്ത് നടന്ന ബംഗ്ലൂര്‍ മഹാനഗരം കോര്‍പറേഷനില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടക് വളര്‍ച്ചയുടെ ഉദാഹരണമാണ്.
ക്രിമിനലുകളുടെ കുത്തരങ്ങാണ് മറ്റു പാര്‍ട്ടികളെന്നും ജനപ്രതിനിധികളായി തിരഞ്ഞെടുക്കുന്നവരില്‍പ്പോലും ക്രിമനലുകളാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ അധസ്ഥിത പീഡിത ദലിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ഇപ്പോഴും വിവേചനത്തിന് ഇരയാവുകയാണ്. ഇതിനെതിരെ മുഖ്യധാരാ പാര്‍ട്ടികള്‍ പ്രതികരിക്കാതെ മാറിനില്‍ക്കുകയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സെക്രട്ടറി മൂവാറ്റുപ്പുഴ അശ്‌റഫ് മൗലവി ആരോപിച്ചു. ഭൂപരിഷ്‌കരണം നടപ്പാക്കിയിട്ടും ദലിത്കുടുംബത്തിലെ അംഗം മരിച്ചാല്‍ അടുക്കളയില്‍ സ്ഥലം കണ്ടെത്തേണ്ട ഗതികേടിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി.ബി മെമ്പര്‍ ആഭ്യന്തര മന്ത്രിയായ സംസ്ഥാനത്ത് ലോക്കപ്പ് മരണം തുടര്‍കഥയാവുകയാണ്. കൊല്ലപ്പെടുന്നവരില്‍ അധികവും ദലിതുകളുമാണ്. ഡി.എച്.ആര്‍.എമ്മിന്റെ പേരില്‍ ദലിത് യുവതിയുടെ ഗര്‍ഭം അടിച്ചുകലക്കിയ പോലിസാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ-ദലിത് വിഭാഗത്തിന്റെ ഭാഗധേയം ഇനി എസ്.ഡി.പി.ഐ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാഥാക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍ മറുപടി പ്രസംഗം നടത്തി.
നേരത്തെ മുന്‍സിപ്പല്‍ സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച ആയിരങ്ങള്‍ അണിനിരന്ന പ്രകടനത്തോടെയാണ് യാത്രയെ മഞ്ഞക്കുളത്തേക്ക് ആനയിച്ചത്. 200ബൈക്കുകളുടെ റാലിയും പ്രകടനത്തിന് മാറ്റ് കൂട്ടി.
എസ്.ഡി.പി.ഐ കോയമ്പത്തൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്  അന്‍സാര്‍ ശരീഫ്, സംസ്ഥാന സെക്രട്ടറി യൂസഫ് വയനാട്, തുളസീധരന്‍പള്ളിക്കല്‍ സമാജ്‌വാദി പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം കബീര്‍, എസ്.ഡി.പി.ഐ ജില്ലാപ്രസിഡന്റ് കാജാഹുസയ്ന്‍, പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍, സെക്രട്ടറി കെ അബ്ദുല്‍ അസീസ് അന്‍വരി സംസാരിച്ചു.
രാവിലെ ജില്ലാ അതിര്‍ത്തിയായ നീലിയാട്ട് വച്ച് ജാഥാംഗങ്ങളെ സ്വീകരിച്ചു. തുടര്‍ന്ന് പടിഞ്ഞാറങ്ങാടി, കൂറ്റനാട്, പട്ടാമ്പി, ഓങ്ങല്ലൂര്‍, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഇന്ന് രാവിലെ ഒലവക്കോട്, കൊഴിഞ്ഞമ്പാറ, പുതുനഗരം, കൊല്ലങ്കോട്, നെന്മാറ, ആലത്തൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി ഷൊര്‍ണ്ണൂരില്‍ സമാപിക്കും.

No comments:

Post a Comment