ചേലക്കര(തൃശൂര്‍): സാംസ്‌കാരിക തലസ്ഥാനത്തിന്റെ ഹൃദയത്തുടിപ്പുകള്‍ ഏറ്റുവാങ്ങി എസ്.ഡി.പി.ഐ ജനകേരളയാത്ര ഇന്നലെ രാവിലെ തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ചെറുതുരുത്തിയില്‍ ശിങ്കാരിമേളത്തിന്റേയും പട്ടുകുടകളുടേയും അകമ്പടിയോടെ കടന്നുവന്ന യാത്രയെ ജാഥാ ക്യാപ്റ്റനും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എം കെ മനോജ്കുമാര്‍, വൈസ് ക്യാപ്റ്റന്‍ മൂവാറ്റുപുഴ അശ്‌റഫ് മൗലവി, സംസ്ഥാന സമിതി അംഗങ്ങളായ തുളസീധരന്‍പള്ളിക്കല്‍, യഹ്‌യാ തങ്ങള്‍, യൂസഫ് വയനാട് എന്നിവരാണു നയിച്ചത്. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് പി കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി സിയാദ് എറിയാട് എന്നിവര്‍ സ്വീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി. നൂറോളം ബൈക്കുകളും അമ്പതോളം കാറുകളും യാത്രയ്ക്ക് അകമ്പടി സേവിച്ചു.
ഗ്രാമപ്രദേശങ്ങളെ ഇളക്കി മറിച്ച് മുന്നേറിയ യാത്ര രാത്രിയില്‍ കൊടുങ്ങല്ലൂരില്‍ സമാപിച്ചു. തലചായ്ക്കാന്‍ ഒരു തുണ്ടു ഭൂമി ചോദിക്കുന്നവരോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ ശത്രുക്കളെന്നപോലെയാണ് പെരുമാറുന്നതെന്ന് ചേലക്കരയില്‍ ജാഥാ സന്ദേശം നല്‍കിയ തുളസീധരന്‍ പള്ളിക്കല്‍ ചൂണ്ടിക്കാട്ടി. കെ പി ഷഫീക്ക്, അബ്ദുള്ളക്കുട്ടി ചേലക്കര സംസാരിച്ചു.
ഓട്ടുപാറയിലെ രണ്ടാമത്തെ സ്വീകരണത്തിനും സ്ത്രീകളടക്കം ധാരാളം പേര്‍ എത്തിയിരുന്നു. എസ്.ഡി.പി.ഐ ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങളെ പുനര്‍നിര്‍ണയിക്കുമെന്നും ഈ യാത്ര തലസ്ഥാനത്ത് എത്താതിരിക്കാനുള്ള ഗൂഢാലോചനകള്‍ നടന്നുവരുന്നതായും ജാഥാ ക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍ ചൂണ്ടിക്കാട്ടി. ജലീല്‍ കരുതക്കാട്, കാദര്‍ പനങ്ങാട്ടുകര സംസാരിച്ചു.
തൃശൂര്‍ നഗരത്തില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ ആയിരക്കണക്കിനാളുകളാണ് എത്തിയത്. ഇന്ത്യയുടെ ജനാധിപത്യം സവര്‍ണ സര്‍വാധിപത്യത്തിന് വഴിമാറിയിരിക്കുന്നതായി മൂവാറ്റുപുഴ അശ്‌റഫ് മൗലവി ആരോപിച്ചു. പണമില്ലാത്തവന് വഴി നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. സവര്‍ണ പാര്‍ട്ടി നേതൃത്വം പറയുന്നിടത്ത് മൂക്കു കൊണ്ട ക്ഷ വരക്കുന്നവരാണ് പ്രമുഖ പാര്‍ട്ടിയിലെ ദലിത്-ന്യൂനപക്ഷ പ്രതിനിധികള്‍. ഒ പി നൗഷാദ്, ആര്‍ പി അബ്ദുല്‍ അനീസ് സംസാരിച്ചു.
കുന്നംകുളത്തെത്തിയപ്പോഴേക്കും യാത്ര വന്‍ ജനപ്രവാഹമായി മാറിക്കഴിഞ്ഞിരുന്നു. ആദിവാസികളും ദലിതരും ഇനി അവകാശങ്ങള്‍ ചോദിക്കുന്നവരല്ല കൊടുക്കുന്നവരായി മാറാന്‍ പോകുകയാണെന്ന് ജാഥാ സന്ദേശം നല്‍കിയ യഹ്‌യാ തങ്ങള്‍ പറഞ്ഞു. കബീര്‍ പഴുന്നാന, കെ എം ഇക്ബാല്‍ സംസാരിച്ചു.
ചാവക്കാട്ട് ബി.എസ്.പി ജില്ലാ പ്രസിഡന്റ് കാരാട്ട് പ്രകാശ്, ദേശീയപാത ബി.ഒ.ടി വിരുദ്ധ ആക്ഷന്‍കൗണ്‍സില്‍ പ്രതിനിധി സിദ്ദിഖ്, എന്‍.സി.എച്ച്.ആര്‍.ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോയിന്‍ബാപ്പു, ഗ്രോവാസു തുടങ്ങിയവര്‍ സംബന്ധിച്ചു. പൊന്നാനിയിലെ ട്രാവല്‍ ഏജന്‍സി ഹജ്ജ് യാത്രയുടെ പേരില്‍ വിശ്വാസികളില്‍ നിന്നും വാങ്ങിയ തുക തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോയിന്‍ബാബു ജാഥാ ക്യാപ്റ്റന് നിവേദനം നല്‍കി. മുന്‍ കമ്യൂണിസ്റ്റായ താന്‍ ഇനി മരണം വരെ എസ്.ഡി.പി.ഐയുടെ അനുയായി ആയിരിക്കുമെന്ന് ഗ്രോവാസു പറഞ്ഞപ്പോള്‍ ശ്രോതാക്കള്‍ ഹര്‍ഷാരവം മുഴക്കി. മര്‍ദ്ദിതരെ വിമോചിപ്പിക്കുവാനുള്ള എസ്.ഡി.പി.ഐയുടെ നയങ്ങള്‍ വിജയം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഹുസൈന്‍ ആഷ്മി, മജീദ് മന്ദലാംകുന്ന് സംസാരിച്ചു.
പാവറട്ടിയില്‍ സ്വീകരണ യോഗത്തിനിടെ ആസ്റ്റിന്‍ തരകനും വിശ്വംഭരനും എസ്.ഡി.പി.ഐ അംഗത്വം സ്വീകരിച്ചു. തൃപ്രയാറില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ കെ പി മുഹമ്മദ് ശെരീഫ് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യന്‍ നാട്ടിക സംസാരിച്ചു. മൂന്നു പിടീകയില്‍ സിദ്ദിക്, റാഫി മൂന്നു പീടിക സംസാരിച്ചു.
ജനകേരളയാത്രയുടെ ജില്ലയിലെ പര്യടനം വന്‍ പൊതുസമ്മേളനത്തോടെ കൊടുങ്ങല്ലൂരില്‍ സമാപിച്ചു. ഇന്ന് എറണാകുളം ജില്ലയില്‍ പ്രവേശിക്കുന്ന യാത്ര നോര്‍ത്ത്പറവൂരില്‍ നിന്നാരംഭിച്ച് കളമശേരിയില്‍ സമാപിക്കും.
No comments:
Post a Comment