തിരുവനന്തപുരം: കാസര്‍കോഡ് നിന്നാരംഭിച്ചു 14 ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം തലസ്ഥാനത്തു സമാപിച്ച എസ്.ഡി.പി.ഐ ജനകേരളയാത്ര സംസ്ഥാനത്ത് ദലിത്-ന്യൂനപക്ഷ-പിന്നാക്ക രാഷ്ട്രീയത്തില്‍ പുതിയൊരു കൂട്ടായ്മയ്ക്കു വഴിതുറക്കുന്നു. യാത്രയ്ക്കു സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനത്തിന്റെ ഭാഗമായി ദലിത്, ആദിവാസി, പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കളെ ഒരേ വേദിയില്‍ പാര്‍ട്ടിക്ക് അണിനിരത്താന്‍ കഴിഞ്ഞത് ഇത്തരമൊരു സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ രണ്ടിന് കാസര്‍കോഡ് ജില്ലയിലെ ഹൊസങ്കടിയില്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. സാജിദ് ഹുസയ്ന്‍ സിദ്ദീഖി ഫഌഗ് ഓഫ് ചെയ്ത ജാഥയ്ക്കു രാഷ്ട്രീയകേന്ദ്രങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തുക്കൊണ്ടുള്ള സ്വീകരണങ്ങളാണു വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമായത്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സാമുദായിക സമവാക്യങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ട് 140 നിയോജക മണ്ഡലങ്ങളിലും ജനകേരളയാത്രയ്ക്കു തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നു. പ്രാദേശികതലത്തില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനങ്ങളില്‍ ദലിത്-ആദിവാസി-പിന്നാക്ക സംഘടനകളുടെയും വിവിധ സന്നദ്ധ-സാംസ്‌കാരിക സംഘടനകളുടെയും നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞതു വരുംദിനങ്ങളില്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാവും. സംസ്ഥാനാടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും ഉണ്ടായിട്ടുള്ള ഇത്തരം സഹകരണങ്ങള്‍ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിവിധ മേഖലകളില്‍ ചലനം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സജീവമായി ഏറ്റെടുത്തിട്ടില്ലാത്ത ഭൂപ്രശ്‌നം, ആദിവാസി-ദലിത് പീഡനം ഉള്‍െപ്പടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു എസ്.ഡി.പി.ഐ യാത്ര. ഇതിനുപുറമേ, സംവരണതത്ത്വം വീണ്ടെടുക്കുക, പോലിസിന്റെ ന്യൂനപക്ഷവിവേചനം അവസാനിപ്പിക്കുക, സേവനമേഖലയില്‍നിന്നു സര്‍ക്കാര്‍ പിന്തിരിയാതിരിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക എന്നിവയാണ് എസ്.ഡി.പി.ഐ യാത്രയില്‍ ഉയര്‍ത്തിയ മറ്റ് ആവശ്യങ്ങള്‍. പതിവു സ്വീകരണ പരിപാടികള്‍ക്കു പുറമേ കടന്നുവന്ന വഴികളില്‍ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തത് ഈ മേഖലകളില്‍ ജാഥയ്ക്കു ചലനം സൃഷ്ടിക്കാന്‍ സഹായകമായിട്ടുണ്ട്. വയനാട് ജില്ലയിലെ അപ്പാട് ആദിവാസി ഭൂസമരവേദി, മലപ്പുറത്തു 611 ദിവസം പിന്നിട്ട മദ്യവിരുദ്ധ സമരപന്തല്‍, പാലക്കാട് ജില്ലയിലെ പ്ലാച്ചിമട സമരഭൂമി, ചെങ്ങറ സമരനേതാക്കള്‍ എന്നിവരെ ജാഥാംഗങ്ങള്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.ചെങ്ങറ സമരസമിതി, ഹൈവേ ആക്ഷന്‍ കമ്മിറ്റി, ഡി.എച്ച്.ആര്‍.എം, സമാജ്‌വാദി പാര്‍ട്ടി, ദേശീയ ജനവേദി നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് എസ്.ഡി.പി.ഐക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഉരുത്തിരിയുന്നതിലേക്കു വ്യക്തമായ ചൂണ്ടുപലക നല്‍കുന്നത്.
No comments:
Post a Comment