Sunday, April 11, 2010

എസ്.ഡി.പി.ഐയെ പിന്തുണക്കും:ആന്റണ്‍ ഗോമസ്
പൊന്നാനി: കഴിഞ്ഞ മൂന്നുപതിറ്റാണ്ട് കാലമായി ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന യഥാര്‍ത്ത രാഷ്ട്രീയപാര്‍ട്ടിയെ കണ്ടെത്തിയതിനാല്‍ എസ്.ഡി.പി.ഐയെ ഇനിയുള്ള കാലങ്ങളില്‍ പിന്തുണക്കുമെന്നു നാഷണല്‍ ഫിഷര്‍മെന്‍ യൂനിയന്‍ അഖിലേന്ത്യാ പ്രസിഡന്റ് ആന്റണ്‍ ഗോമസ് പറഞ്ഞു. പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ എസ്.ഡി.പി.ഐ ജനകേരളയാത്രയുടെ ജില്ലാസമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്ന ഒരു പാര്‍ട്ടിയെ ദീര്‍ഘകാലമായി ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ പാര്‍ട്ടിയാണ് എസ്.ഡി.പി.ഐ എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. ആദിവാസി പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഒരു രണ്ടാം സ്വാതന്ത്ര്യസമരം ഇവിടെ ആരംഭിക്കേണ്ടതുണ്ട്. ഇന്ത്യ ഭരിക്കുന്ന മന്‍മോഹന്‍സിങും മന്ത്രി ചിദംബരവുമെല്ലാം മുതലാളിത്ത സാമ്രാജ്യത്വ താല്‍പര്യങ്ങളാണു നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പുതിയ രണ്ടാം സ്വാതന്ത്ര്യസമരത്തിന് എസ്.ഡി.പി.ഐ നേതൃത്വം നല്‍കണം. അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ഷരീഫ് അധ്യക്ഷതവഹിച്ചു. മുഖ്യപ്രഭാഷണം നടത്തിയ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസ്്‌റുദ്ദീന്‍ എളമരം ജനകരേള യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും കേരള രാഷ്ട്രീയത്തില്‍ പലമാറ്റങ്ങള്‍ക്കും നാം സാക്ഷ്യംവഹിക്കേണ്ടിവരുമെന്നു പറഞ്ഞു. സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ കാര്യമായ വത്യാസങ്ങള്‍ കാണുന്നില്ല. മര്‍ദ്ദിതര്‍ക്കു പ്രതീക്ഷയര്‍പ്പിക്കാവുന്ന ഒരു പാര്‍ട്ടിയും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല എന്നതാണു ജനാധിപത്യം നേരിടുന്ന വെല്ലുവിളി. നാലുവരി വാര്‍ത്ത വരാത്തതുകൊണ്ടോ ചാനലുകളില്‍ ഫഌഷ് വാര്‍ത്തകള്‍ വരാത്തതു കൊണ്ടോ ഈ പുതിയ രാഷ്ട്രീയപാര്‍ട്ടി തളരില്ല. ഈ യാത്ര മുന്നോട്ടു വെക്കുന്ന സന്ദേശങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിഞ്ഞതിന്റെ അലയൊലികള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായിട്ടുണ്ട്. ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി ഈ പുതിയ പാര്‍ട്ടി വരും കാലത്തു കേരള രാഷ്ട്രീയത്തില്‍ സാന്നിധ്യമുറപ്പിക്കും. അദ്ദേഹം പറഞ്ഞു. പുതിയതായി പാര്‍ട്ടിയിലേക്കു കടന്നു വന്ന കെ പി ജേക്കബിനു സംസ്ഥാന പ്രസിഡന്റ്  അഡ്വ. കെ പി മുഹമ്മദ് ഷരീഫ് അംഗത്വം നല്‍കി. എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി മൊയ്തീന്‍കുട്ടി ഫൈസി, ജാഥാക്യാപ്റ്റന്‍ എം കെ മനോജ്കുമാര്‍, എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി, നാഷണല്‍ ഫിഷര്‍മെന്‍ യൂനിയന്‍ ദേശീയകൗണ്‍സില്‍ അംഗം കെ ഡി കലൈമണി, മൂവാറ്റുപ്പുഴ അഷ്‌റഫ് മൗലവി, വി ടി ഇഖ്‌റാമുല്‍ഹഖ്, തുളസീധരന്‍ പള്ളിക്കല്‍, കെ മുഹമ്മദലി, യൂസുഫ് വയനാട്, ജില്ലാ പ്രസിഡന്റ് എം ബാപ്പു, സെക്രട്ടറി ബഷീര്‍വേങ്ങര, സി ജി ഉണ്ണി സംസാരിച്ചു. ചന്തപ്പുരയില്‍ നിന്നും നേതാക്കളെ ബാന്റ് വാദ്യങ്ങളുടേയും മുത്തുക്കുടയുടേയും കരിമരുന്നു പ്രയോഗത്തിന്റെയും പന്തങ്ങളുടേയും അകമ്പടിയോടെയാണു സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. അഭൂതപൂര്‍വ്വമായ ജനകൂട്ടമാണു സമ്മേളനം ശ്രവിക്കാനെത്തിയിരുന്നത്. നൂറുകണക്കിനു സ്ത്രീകളും ശ്രോതാക്കളായി എത്തിയിരുന്നു. പൊന്നാനിയിലെ ഗവണ്‍മെന്റ്ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ എം മുത്തലിബും, ചമ്രവട്ടത്ത് ജനനിബിഡമായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ബീവറേജ് ഡിപ്പോ മാറ്റണമെന്നാവശ്യപ്പെട്ട ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ നജീബും പൊന്നാനിയില്‍ ആരംഭിക്കാന്‍ പോകുന്ന ബാര്‍ഹോട്ടല്‍ അനുവദിക്കാതിരിക്കാന്‍ ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി കെ ബിലാലും ജനകേരളയാത്ര ക്യാപ്റ്റന്‍ എം കെമനോജ്കുമാറിനു നിവേദനം സമര്‍പ്പിച്ചു. ഈ വിഷയങ്ങളില്‍ എസ്.ഡി.പി.ഐ ഇടപെടുമെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മനോജ്കുമാര്‍ പറഞ്ഞു.

No comments:

Post a Comment