Saturday, April 24, 2010

എസ്.ഡി.പി.ഐയുടെ കാലികപ്രസക്തി

അഡ്വ. കെ പി മുഹമ്മദ് ശരീഫ്(എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ്)

രാജ്യം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ രണ്ടു പ്രശ്‌നങ്ങളാണ് ഭയവും വിശപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇതു രണ്ടും ഏറ്റവും മുഴച്ചുനില്‍ക്കുന്നതായി കാണാന്‍ കഴിയും. ഇതിനു പ്രധാന ഉത്തരവാദികള്‍ നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളും ആ പാര്‍ട്ടികളെയും നേതാക്കളെയും ഉപയോഗിച്ചു മൂന്നാംലോകരാജ്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വശക്തികളുമാണ്.
ഇത്തരം പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളും ഒത്തുചേരുമ്പോള്‍ അടിസ്ഥാനജനവിഭാഗങ്ങളായ ദലിത്, ആദിവാസി, മുസ്‌ലിം, പിന്നാക്കവിഭാഗങ്ങളുടെ വിഭവങ്ങള്‍ പോലും കവര്‍ന്നെടുക്കപ്പെടുകയാണു ചെയ്യുന്നത്. തങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതിനെ ദലിത്, ആദിവാസി, പിന്നാക്കവിഭാഗങ്ങള്‍ പ്രതിരോധിക്കുമ്പോള്‍ സാമ്രാജ്യത്വശക്തികളും ഉന്നത രാഷ്ട്രീയ-വരേണ്യവര്‍ഗങ്ങളും ചേര്‍ന്ന് മാധ്യമങ്ങളുടെ സഹായത്തോടുകൂടി അവരെ ഭീകരവാദികളും തീവ്രവാദികളും മാവോവാദികളും നക്‌സലുകളുമാക്കി മുദ്രചാര്‍ത്തുകയും അവര്‍ക്കെതിരേ വന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഈ വിഭാഗങ്ങളെ അനഭിമതരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിച്ച് സ്വന്തം പൗരന്‍മാരെ കൊന്നൊടുക്കുന്ന സാഹചര്യമൊരുക്കുന്നു. സ്വാഭാവികമായും അടിസ്ഥാനജനവിഭാഗങ്ങള്‍ ഭയവിഹ്വലതകള്‍ക്ക് അടിപ്പെടാന്‍ ഇത് ഇടയാക്കുന്നു. ഈ വിഭാഗങ്ങള്‍ക്കെതിരേ വ്യാജ ഏറ്റുമുട്ടലുകളും വ്യാജ സ്‌ഫോടനങ്ങളും കള്ളക്കേസുകളും രാജ്യത്തെമ്പാടും മെനഞ്ഞെടുത്ത് അവരെ പ്രതിരോധത്തില്‍ നിര്‍ത്തുകയാണ് നിലവിലുള്ള വരേണ്യരാഷ്ട്രീയക്കാരും അമേരിക്കന്‍-ഇസ്രായേല്‍ ലോബികളും ചെയ്യുന്നത്.
അടിസ്ഥാനജനതയുടെയും പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ യും അനിവാര്യമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍പോലും സ്വാതന്ത്ര്യത്തിനുശേഷം മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്കു സാധിച്ചിട്ടില്ല. അഴിമതി, സ്വജനപക്ഷപാതം, പോഷകാഹാരക്കുറവ്, ശിശുമരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കൊപ്പം നമ്മുടെ രാജ്യവുമുണ്ട്. ഇന്ത്യ തിളങ്ങുന്നു, വിളങ്ങുന്നു, വളരുന്നു എന്നൊക്കെയാണു പറയപ്പെടുന്നത്. ആളോഹരിവരുമാനം വര്‍ധിക്കുന്നുവെന്നു പറയുമ്പോഴും സാധാരണക്കാരന്റെ ജീവിതസാഹചര്യം മെച്ചപ്പെടുന്നില്ല. നൂറുകണക്കിനും ആയിരക്കണക്കിനും കോടികളുടെ ആസ്തികളുള്ള കുത്തക ഭീമന്‍മാരുടെ വരുമാനമാണു വര്‍ധിക്കുന്നത്.
നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തനം ആനുകാലികസാഹചര്യത്തില്‍ വിലയിരുത്തുമ്പോള്‍ ജനപക്ഷരാഷ്ട്രീയത്തിനു പകരം ജനവിരുദ്ധ നയങ്ങളും നിലപാടുകളും സമീപനങ്ങളുമാണു നിഴലിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പ്രസ്ഥാനങ്ങളോടും അവയുടെ പ്രവര്‍ത്തനത്തോടും നിസ്സംഗ സമീപനമാണു സാധാരണ പൗരന്‍മാര്‍ക്കുള്ളത്. രാഷ്ട്രീയപ്രവര്‍ത്തനം എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചിലര്‍ക്ക് അഴിമതി നടത്താനും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ നേടിയെടുക്കാനുമുള്ള സംവിധാനമായി മാറിയിരിക്കുന്നു. ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ള പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപബ്ലിക് എന്നത് ഏടുകളിലല്ലാതെ പ്രവൃത്തിയില്‍ കാണാന്‍ സാധിക്കുന്നില്ല. സാമ്രാജ്യത്വ വൈദേശികശക്തികളുടെ കൊളോണിയല്‍ താല്‍പ്പര്യങ്ങള്‍ക്കു മാത്രം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന പാര്‍ട്ടികളും നേതൃത്വങ്ങളും ഭരണസംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തുമ്പോള്‍ ഇത് ഒരു പരമാധികാര രാഷ്ട്രമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും? മുസ്‌ലിം, ദലിത്, ആദിവാസികളെ അവരുടെ ഭൂപ്രദേശങ്ങളില്‍നിന്ന് ആട്ടിയോടിക്കുകയും പൗരന്‍മാരെ വെടിവച്ചുകൊല്ലുകയും ചെയ്യുമ്പോള്‍ ഈ രാജ്യം എങ്ങനെ മതേതര, ജനാധിപത്യരാഷ്ട്രമാണെന്നു പറയാന്‍ സാധിക്കും? മതേതരത്വത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് രാജ്യത്തെ വികസിപ്പിക്കാന്‍ യത്‌നിച്ചിരുന്ന മുന്‍കാല രാഷ്ട്രീയനേതാക്കന്‍മാരുടെ നിലപാടുകള്‍ അവഗണിച്ചുകൊണ്ട് മുതലാളിത്തപക്ഷത്തു മാത്രം നിലയുറപ്പിച്ചിട്ടുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാടുകള്‍ സമൃദ്ധമായ പശ്ചാത്തലത്തില്‍ എങ്ങനെ രാജ്യം സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന് ഊന്നല്‍ നല്‍കുന്നു എന്നു പറയാന്‍ കഴിയും?
ജനാധിപത്യത്തിന്റെ തകര്‍ച്ചയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് പോലും ഒമ്പതുശതമാനത്തിന്റെ മാത്രം വോട്ട് നേടിയാണ് അധികാരത്തിലേറിയിട്ടുള്ളത്. 40 ശതമാനം ആളുകള്‍ മാത്രമാണ് തിരഞ്ഞെടുപ്പിനോട് പ്രതികരിക്കുന്നത്. പൊതുസമൂഹത്തിന്റെ മനോഭാവം ഈ നിലയില്‍ എത്തിപ്പെടാന്‍ കാരണം വരേണ്യവര്‍ഗത്തിന്റെ ആധിപത്യത്തിലുള്ള നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്.
ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും കീഴാള ജനവിഭാഗങ്ങള്‍ക്കു നല്‍കാന്‍ ഭരണകൂടങ്ങള്‍ക്കു സാധിച്ചിട്ടില്ല. അരിയുടെ പേറ്റന്റ് പോലും വിദേശശക്തികള്‍ക്കു പതിച്ചുനല്‍കിയിരിക്കുന്നു. സാധാരണക്കാരന്റെ കൃഷിയിടങ്ങള്‍ മൂലധനശക്തികള്‍ നേരിട്ടു പാട്ടത്തിന് ഏറ്റെടുക്കുന്നു. കമ്പോള വിലനിയന്ത്രണം പരിപൂര്‍ണമായി മൂലധനശക്തികളുടെ കൈകളില്‍ ഒതുങ്ങിക്കഴിഞ്ഞു. കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു പദ്ധതികളില്ല. ഇരുകൂട്ടരും അന്യോന്യം പഴിചാരി രക്ഷപ്പെടുകയാണ്. സാധാരണജനങ്ങളുടെ ഈ ദുരിതത്തെ മറച്ചുപിടിക്കാന്‍ താരങ്ങളുടെയും താരപ്രഭയുടെയും പിറകെ പായുകയാണു രാഷ്ട്രീയക്കാര്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും ബിരുദങ്ങള്‍ കനിഞ്ഞുനല്‍കുന്ന തിരക്കിലാണു ഭരണപക്ഷവും പ്രതിപക്ഷവും. ഐ.പി.എല്‍ കളിയില്‍ സമൂഹത്തെ തളച്ചിടാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ ഐ.പി.എല്‍ വിവാദത്തില്‍ പൊതുസമൂഹത്തെ കുരുക്കിയിടാനുള്ള തത്രപ്പാടിലാണ്. ലാവ്‌ലിന്‍ അഴിമതി നടത്തിയത് പിണറായി വിജയനോ ജി കാര്‍ത്തികേയനോ എന്ന കാര്യത്തിലേ ഭിന്നാഭിപ്രായമുള്ളൂ. അഴിമതി നടന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.
836 ദശലക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗത്തിന്റെ ഒരു ദിവസത്തെ വേതനം 20 രൂപയില്‍ താഴെയാണെന്നു കണക്കുകള്‍ വിളിച്ചുപറയുമ്പോള്‍ ഈ രാജ്യത്തു ഭരണം നടത്തിയിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പിരിച്ചുവിട്ട് പൗരന്‍മാരോട് ക്ഷമ ചോദിക്കേണ്ടതില്ലേ? മഹാഭൂരിപക്ഷവും കടക്കെണിയിലാണ്. കടം വന്ന്, ജീവിതം മടുത്ത് ആത്മഹത്യകള്‍ പെരുകുകയാണ്. കേരളത്തില്‍പ്പോലും ഇതു കുറവല്ല. വിദര്‍ഭ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ വയനാട്ടിലാണ്.
മുസ്‌ലിം, ദലിത്, ആദിവാസിവിഭാഗങ്ങളോട് തികഞ്ഞ വിവേചനമാണു ഭരണകൂടങ്ങള്‍ നടത്തുന്നത്. ഭരണഘടന അനുശാസിക്കുന്ന മതിയായ പ്രതിനിധ്യം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന അധഃസ്ഥിതസമൂഹങ്ങള്‍ക്കു നല്‍കാനുള്ള ആര്‍ജവം ഭരണകൂടങ്ങള്‍ കാണിക്കുന്നില്ല. മേല്‍ത്തട്ട് എന്ന നൂതന തത്ത്വം പോലും ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയില്‍ നഷ്ടപ്പെട്ട സംവരണതത്ത്വം പുനസ്ഥാപിച്ചുകിട്ടാന്‍ പിന്നാക്കരാഷ്ട്രീയം പറയുന്ന പാര്‍ട്ടികള്‍ പോലും ആര്‍ജവം കാട്ടുന്നില്ല.
ഭരണഘടനാനുസൃതമായി വിവിധ കാലങ്ങളില്‍ കാകാ കലേല്‍ക്കര്‍ കമ്മീഷനും വി പി മണ്ഡല്‍ കമ്മീഷനും മൊയ്‌ലി കമ്മിറ്റിയും രംഗനാഥ് മിശ്രാ കമ്മീഷനും സച്ചാര്‍ കമ്മിറ്റിയുമൊക്കെ നാടുനീളെ പഠനം നടത്തി മുസ്‌ലിംകളുടെയും ആദിവാസികളുടെയും ദലിതരുടെയും അതിശോചനീയമായ സാമൂഹികസാഹചര്യങ്ങളെ അപഗ്രഥിച്ച പിന്നാക്കാവസ്ഥയുടെ റിപോര്‍ട്ടുകള്‍ ഭരണകൂടങ്ങളുടെ മുമ്പാകെയുണ്ടെങ്കിലും പ്രായോഗികനടപടികള്‍ ഉണ്ടായിട്ടില്ല. ഈ വിവേചനപരമായ സമീപനമാണ് രാജ്യത്തെ വികസനക്കുതിപ്പിനു തടസ്സമായി നില്‍ക്കുന്നത്. വരേണ്യര്‍ക്കൊപ്പംതന്നെ ദലിതരുടെയും ആദിവാസികളുടെയും മുസ്‌ലിംകളുടെയും സാമൂഹികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച സാധ്യമായാല്‍ മാത്രമേ യഥാര്‍ഥത്തില്‍ രാജ്യം തിളങ്ങുകയുള്ളൂ. അല്ലെങ്കില്‍ തിളക്കം വാചകങ്ങളില്‍ മാത്രം അവശേഷിക്കും.
നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ വ്യക്തി അധിഷ്ഠിതമോ ജാതിതാല്‍പ്പര്യങ്ങളിലോ ഒതുങ്ങിക്കൂടുകയാണ്. നയസമീപനങ്ങളും നേരത്തേ സൂചിപ്പിച്ചപോലെ സമ്പന്ന, മുതലാളിത്തപക്ഷത്താണ്. അടിസ്ഥാനവിഭാഗങ്ങളുടെ അത്യാവശ്യങ്ങള്‍പോലും നിര്‍വഹിക്കാന്‍ നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു സാധിക്കില്ലെന്നും അവര്‍ സന്നദ്ധമല്ലെന്നുമുള്ള തിരിച്ചറിവിന്റെ സാഹചര്യത്തിലാണ് ഇത്തരം ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യേണ്ടത് പ്രധാനമാണെന്നു മനസ്സിലാക്കി സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപംകൊള്ളുന്നത്.
2009 ജൂണില്‍ ഡല്‍ഹിയില്‍ രൂപംകൊണ്ട പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി 2009 ആഗസ്തിലാണു നിലവില്‍വന്നത്. കൂട്ടായ നേതൃത്വമാണ് പാര്‍ട്ടിയുടെ സവിശേഷത. ഏപ്രില്‍ രണ്ടിന് കാസര്‍കോഡ്‌നിന്നാരംഭിച്ച് ഇന്നു തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ആറ് സുപ്രധാന ആവശ്യങ്ങളാണു പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്. യാത്രയിലുടനീളം പാര്‍ട്ടിയുടെ ആദര്‍ശങ്ങളെയാണു പരിചയപ്പെടുത്തിയത്; വ്യക്തികളെയല്ല. കവലകളും ഗ്രാമങ്ങളും പട്ടണങ്ങളും പരിശോധിച്ചാല്‍ പാര്‍ട്ടിയുടെ മുഖം മനസ്സിലാവും. മാധ്യമങ്ങള്‍ തമസ്‌കരിച്ചെങ്കിലും ജനമനസ്സില്‍ ഇടംനല്‍കിയാണു കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ കടന്നുപോയത്.




No comments:

Post a Comment