Saturday, April 24, 2010

ജനകേരളയാത്രമുന്നോട്ടുവയ്ക്കുന്നത്

(തേജസ് എഡിറ്റോറിയല്‍)

മുഖ്യധാരാ മാധ്യമങ്ങളുടെ പരിലാളനകളില്ലാതെയും ഒരു സംഘടനയ്ക്ക് അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് എസ്.ഡി.പി.ഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) നടത്തിയ ജനകേരളയാത്ര. ഏപ്രില്‍ രണ്ടിനു കാസര്‍കോട്ടെ ഹൊസങ്കടിയില്‍നിന്നു തുടങ്ങി ഇന്നു തിരുവനന്തപുരത്തു സമാപിക്കുന്ന ജനകേരളയാത്രയെ ഇതര രാഷ്ട്രീയജാഥകളില്‍നിന്നു വ്യത്യസ്തമാക്കുന്നത് അതുന്നയിക്കുന്ന ആവശ്യങ്ങളും ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുമാണ്. ഭൂരഹിതര്‍ക്കു ഭൂമി നല്‍കുക, ദലിത്-ആദിവാസി വേട്ട അവസാനിപ്പിക്കുക, സംവരണത്തിന്റെ ഭരണഘടനാതത്ത്വം പുനസ്ഥാപിക്കുക, സേവനമേഖലകളില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറാതിരിക്കുക, പോലിസിന്റെ ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുക എന്നിവയാണ് എസ്.ഡി.പി.ഐ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ അവഗണിക്കുന്നതും അതേസമയം, അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളുമായി അഭേദ്യബന്ധമുള്ളതുമാണ് ഈ മുദ്രാവാക്യങ്ങളെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടായിരിക്കാം കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ ഒട്ടേറെ സമരകേന്ദ്രങ്ങൡ ജനകേരളയാത്രയ്ക്ക് ഊഷ്മളമായ വരവേല്‍പ്പു ലഭിച്ചത്. വയനാട് ജില്ലയിലെ അപ്പാട്, പാലക്കാട് ജില്ലയിലെ പ്ലാച്ചിമട, അട്ടപ്പാടി തുടങ്ങിയ സമരഭൂമികളില്‍ ഭൂമിക്കും കുടിവെള്ളത്തിനും മറ്റ് അടിസ്ഥാനാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണു യാത്ര കടന്നുപോയത്. എന്‍.എച്ച് 17 വികസനത്തിനുവേണ്ടിയുള്ള കുടിയൊഴിപ്പിക്കലിനെതിരായ സമരത്തോടു കണ്ണിചേര്‍ന്ന എസ്.ഡി.പി.ഐക്ക് സ്ഥലമെടുക്കല്‍ നിര്‍ത്തിവയ്പിക്കാനുള്ള സര്‍വകക്ഷിയോഗ തീരുമാനത്തില്‍ തീര്‍ച്ചയായും സന്തോഷിക്കാന്‍ വകയുണ്ട്. പ്രാദേശികവും പൊതുപ്രാധാന്യമുള്ളതുമായ പല പ്രശ്‌നങ്ങളെയും സംബന്ധിച്ച നിവേദനങ്ങള്‍ സമരസംഘടനകളും വ്യക്തികളും എസ്.ഡി.പി.ഐ നേതൃത്വത്തിനു കൈമാറിയത്, ജനങ്ങള്‍ ഈ പുതിയ രാഷ്ട്രീയപ്രസ്ഥാനത്തെ പ്രതീക്ഷയോടെ കാണുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഇടത്തും വലത്തുമുള്ള പാര്‍ട്ടികളെ മാറിമാറി പരീക്ഷിച്ചു മടുത്ത ജനങ്ങള്‍ക്ക് പ്രത്യാശയുടെ ഒരു നുറുങ്ങുവെട്ടമെങ്കിലും ശൈശവാവസ്ഥ പിന്നിടുന്നതിനു മുമ്പേ കാട്ടിക്കൊടുക്കാന്‍ കഴിഞ്ഞു എന്നതാവാം എസ്.ഡി.പി.ഐയുടെ പ്രസക്തി. 'ഐശ്വര്യകേരളം, സമൃദ്ധകേരളം' തുടങ്ങിയ മനോമോഹന മുദ്രാവാക്യങ്ങളും 'വിലക്കയറ്റത്തിനും തീവ്രവാദത്തിനുമെതിരേ' എന്നൊക്കെയുള്ള മോരും മുതിരയും പോലെ പരസ്പരം ചേരാത്ത പ്രമേയങ്ങളുമായി യാത്രാമാമാങ്കങ്ങള്‍ നടത്തുന്ന സാമ്പ്രദായിക രാഷ്ട്രീയജാഥകളില്‍നിന്നു ജനകേരളയാത്രയെ വ്യതിരിക്തമാക്കുന്നത്, അതു പണിയെടുക്കുന്നവന്റെയും പാടുപെടുന്നവന്റെയും രാഷ്ട്രീയം സംസാരിക്കുന്നു എന്നതു കൂടിയാണ്.


No comments:

Post a Comment