Tuesday, April 6, 2010

ജനകേരളയാത്ര ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ: മുസ്്‌ലിം-ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന സമകാലിക പ്രശ്‌നങ്ങളെകുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ രണ്ടിന് കാസര്‍ക്കോട്ട് നിന്നാരംഭിച്ച ജനകേരളയാത്ര ഇന്ന് വയനാട്ടില്‍. എട്ടു കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ ഒമ്പതിന് നിരവില്‍പ്പുഴയില്‍ ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് മൗലവി, ജനറല്‍ സെക്രട്ടറി പി ആര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജനകേരള യാത്രയെ സ്വീകരിക്കും. നിരവധി വാഹനങ്ങളും വാദ്യാഘോഷങ്ങളും അകമ്പടിയേകും.
വെള്ളമുണ്ട സിറ്റി 10.15, തരുവണ 10.45, മാനന്തവാടി 11.45, പനമരം ഉച്ചക്ക് ശേഷം മൂന്നിന്, സുല്‍ത്താന്‍ ബത്തേരി 4.30, അമ്പലവയല്‍ 5.30, വൈകുന്നേരം ഏഴിന് മേപ്പാടി എന്നിങ്ങനെയാണ് സ്വീകരണ പരിപാടികള്‍. രാത്രി 7.30 ന് കല്‍പ്പറ്റയില്‍ സമാപന സമ്മേളനം എസ്.ഡി.പി.ഐ ദേശീയ സമിതി അംഗം ഡോ. മെഹബൂബ് ആവാദ് ഷരീഫ് ബാംഗ്ലൂര്‍ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി പി കെ രാധ, തുളസീധരന്‍ പള്ളിക്കല്‍, മുവാറ്റുപഴ അശറഫ് മൗലവി സംസാരിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ വയനാട് ആദിമ കലാകേന്ദ്രം അവതരിപ്പിക്കുന്ന ഭാരത്കഫേ എന്ന തെരുവ് നാടകം അരങ്ങേറും.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുക, ആദിവാസി-ദലിത് വേട്ട അവസാനിപ്പിക്കുക, സംവരണ തത്വം പുനഃസ്ഥാപിക്കുക, പോലിസിന്റെ ന്യൂനപക്ഷ വിവേചനം അവസാനിപ്പിക്കുക, ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള എസ്.ഡി.പി.ഐ ജനകേരള യാത്ര നയിക്കുന്നത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാറാണ്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് മൗലവി, ജനറല്‍ സെക്രട്ടറി പി ആര്‍ കൃഷ്ണന്‍കുട്ടി, കല്‍പ്പറ്റ മണ്ഡലം സെക്രട്ടറി എന്‍ ഹംസ മൗലവി, ജില്ലാ ഖജാഞ്ചി സി എ ജലീല്‍, സംസ്ഥാന മീഡിയ കോ-ഓഡിനേറ്റര്‍ സി ജി ഉണ്ണി പങ്കെടുത്തു.

No comments:

Post a Comment